Tuesday, September 7, 2010

അകാലമരണം


ഇന്നലെ ഞാന്‍
മരണപ്പെട്ടിരിക്കുന്നു
വിലാപങ്ങളുടെ
ഘോഷയാത്രയില്ലാതെ
ശ്മശാന ഏകാന്തതയില്‍
അടക്കപ്പെട്ടിരിക്കുന്നു

സ്നേഹാശ്രു പൂണ്ട വിഷ പാനി
ഞാനിനീ കുടിക്കുന്നില്ല
നഷ്ട സ്മൃതികളില്‍
ഞാനിനി ഉരുകുന്നില്ല
ത്യാഗം ചതിച്ച കൌമാരവും
വാര്‍ദ്ധക്യം ഭക്ഷിച്ച യൌവ്വനവും
ഇനി എന്നെ അലട്ടുന്നില്ല

മണലാരണ്യം വിസര്‍ജ്ജിച്ച വേര്‍പ്പുകള്‍
ആത്മാക്കളായി അലയുന്നു .
മൃതശരീരം മണ്ണും പുഴുവും തിന്ന്
നിര്‍വൃതമാകുന്നു




കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കവിതാ സമാഹാരത്തില്‍ നിന്ന് .

ഓണാശംസകള്‍ ...

വസന്തത്തിന്‍റെ തുടിപ്പുമായി അതിജീവനത്തിന്‍റെ സ്വപനങ്ങളുമായി ഓണം.
നൂറ്റാണ്ടുകളായി ചൂഷണത്തില്‍ പിടയുന്ന മനുഷ്യകുലം ,സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മാനവീയഐക്യത്തിന്‍റെയും വിമോചനഗാഥയായി ഓണോല്‍സവങ്ങള്‍ നിറയുന്നു.
ലോകം വിശന്നു പൊലിയുമ്പോള്‍ കോടികളുടെ മഹാരമ്യങ്ങളില്‍ അരചര്‍  വാഴുന്നു.ചൂഷിതരക്തത്തില്‍ പിടയുന്ന ഭൂമിയെ പങ്കിട്ടെടുക്കാന്‍ സാമ്രാജ്യത്വ വാമനന്‍മാര്‍ സമത്വസങ്കല്‍പ്പങ്ങളുടെ തലയറുക്കുന്നു.ഭീകരതയും വര്‍ഗീയതയും യുദ്ധഭ്രാന്തും വമിച്ചു മാനവസംസ്ക്കാരത്തെ നരകീയമാക്കുന്നു.
                പൂ നുള്ളുന്ന കുഞ്ഞു മിഴികളില്‍  വിഷം പുരളുന്നത് നാം അറിയണം.കമ്പോളാര്‍ത്തികള്‍ വിഴുങ്ങുന്ന ഉത്സവങ്ങളുടെ ജനകീയധാരയെ നമുക്ക് വീണ്ടെടുക്കണം.ആര്‍ദ്രമാര്‍ന്ന സ്നേഹാനുഭൂതിയില്‍ മതജാതിവംശവൈരങ്ങള്‍  മറന്നു കാലുഷ്യങ്ങളുടെ കോട്ടകളെ നമുക്ക് പിളര്‍ക്കണം.ഓണം  മാനവരാശിയുടെ സമത്വധിഷ്ടിത വിമോചനപോരാട്ടങ്ങളുടെ ഇന്ധനമാകണം.
                                 നൊമ്പരങ്ങളുടെ ഇരുള്‍പടര്‍ന്ന ജീവിതത്തില്‍ മാനുഷരെല്ലാരുമൊന്നുപോലെ എന്ന ഓണസന്ദേശം വെളിച്ചത്തിന്‍റെ പടവാളായി വെട്ടി തിളങ്ങണം 
            ഞാറ്റടിപ്പാട്ടിന്‍റെ  താളവും 
            കാര്‍ഷിക സമൃദ്ധിയുടെ ആഹ്ലാദവും വിടരുന്ന 
            ജീവിതം പൂക്കാലമാകുന്ന നന്മയുടെ നാളേക്ക് 
            നമുക്ക് സ്നേഹോല്‍സവങ്ങളായി പടരാം 

                                               RAGHUNATH SHORNOOR

poem -AANDARUTHI


ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചത്